അങ്കമാലി ഒരു കുന്നിന് പ്രദേശമായിരുന്നു എന്നും കുന്നിന് മുകളിലെ ഒരു മൈതാനവും അതിനു ചുറ്റും ഒഴുകിയിരുന്ന ഒരു ജലപാതയും ചേര്‍ന്നതാണീ ഭൂപ്രദേശം എന്നും പഴയകാല രേഖകള്‍ സൂചിപ്പിക്കുന്നു. ഇന്ന് ഈ ജലപാത അങ്കമാലി- മാഞ്ഞാലി തോട് എന്നപേരില്‍ അറിയപ്പെടുന്നു.16-ാം നൂറ്റാണ്ടിന്റെ അവസാനം അങ്കമാലി വാണിരുന്നത് മങ്ങാട്ട് സ്വരൂപം ആയിരുന്നുവെന്നും, മങ്ങാട്ടു സ്വരൂപം മഹോദയപുരത്തിന്റെ പിന്തുടര്ച്ചക്കാരായി മങ്ങാട്ടുകര ആസ്ഥാനമാക്കി വാണിരുന്നു എന്നും കരുതുന്നു. ജൂതന്മാരുടെ പ്രധാന കുടിയേറ്റ കേന്ദ്രമാണ് അങ്കമാലി. വളരെയധികം പള്ളികള്‍ ഉള്ള സ്ഥലമാണ് അങ്കമാലി. മാര്‍ത്തോമ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇന്ത്യ മുഴുവന്‍ ഭരണാതിര്‍ത്തി ഉള്ള അതിരൂപത മാര്പാപ്പയാല് രൂപീകൃതമായത് അങ്കമാലി കേന്ദ്രമാക്കിയായിരുന്നു. ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്ന മൈതാനങ്ങളില്‍ (മാലി) അങ്കം അഭ്യസിച്ചിരുന്നതായുള്ള വിശ്വാസത്തിന് ഏറെ പ്രസക്തിയുണ്ട്. അങ്ങനെയാണ് അങ്കമാലി എന്ന സ്ഥലനാമം ലഭിച്ചതെന്നു കരുതപ്പെടുന്നു. 1919-ല്‍ ആരംഭിച്ച ആദ്യത്തെ സ്ക്കൂളാണ് സെന്റ് മേരീസ് സ്ക്കൂള് . പിന്നീട് 1945-ല്‍ സെന്റ് ജോസഫ് ഹൈസ്ക്കൂളായി മാറി. 1928-ലാണ് അങ്കമാലി ഹോളി ഫാമിലി ഗേള്‍സ് ഹൈസ്ക്കൂള് നിലവില്‍ വന്നത്. പരമ്പരാഗത വ്യവസായമായ പനമ്പ് വ്യവസായത്തിന് ഇന്നും അങ്കമാലി പ്രശസ്തമാണ്. 1966-ല്‍ സാക്ഷാത്കരിക്കപ്പെട്ട നാഷണല്‍ ഹൈവേ അങ്കമാലി പട്ടണത്തിലൂടെ കടന്നു പോകുന്നു. കൂടാതെ 1963-ല്‍ ജപ്പാന് ഹിറ്റാച്ചി കമ്പനിയുടെ സഹായത്തോടെ ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരളാലിമിറ്റഡ് (ടെല്‍ക്) നിലവില്‍ വന്നു.